Tuesday, 26 November 2019

കല്ലു കഫെ

122 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കല്ലു കഫെയെ അറിയാമോ നിങ്ങൾക്ക് .. കല്ലുകഫേയിലെ നാണുവേട്ടന്റെ ഉലുവ കാപ്പിയും അവിലും ശർക്കരയും തേങ്ങയും പഴവും ആണ് താരങ്ങൾ .. ഇതിങ്ങനെ ഞമ്മള് കണ്ണുക്കാരുടെ മനംകവരാൻ തുടങ്ങിട്ട് കാലം കുറെ ആയിട്ടാ ..
വർഷങ്ങൾക്ക് മുൻപ് നമ്മുടെ എസ് കെ ഇവിടെ വന്ന് ഉലുവാകാപ്പിയും അവിലുമൊക്കെ കഴിച്ചായിരുന്നു ..അദ്ദേഹത്തിന്റെ എഴുത്തിലൂടെ അങ്ങനെ കല്ലു കഫെ ലോകമറിഞ്ഞു ...
കണ്ണൂർ - കൂത്തുപറമ്പ് ഹൈവേയിൽ കിണവക്കൽ എന്ന സ്ഥലത്താണ് കല്ലു കഫെ സ്ഥിതിചെയ്യുന്നത്.
എ.കെ.ജി ,എസ്.കെ.പൊറ്റക്കാട് ,സത്യനന്തികാട് തുടങ്ങിയ രാഷ്ട്രീയ കലാരംഗത്തുള്ള ഒട്ടുമിക്ക പ്രമുഖരും സന്ദർശിച്ചിട്ടുള്ള സ്ഥലം കൂടിയാണ് കല്ലു കഫെ.
പഴമയുടെ നന്മയെ മറക്കാതെ അതേ ലാളിത്യത്തോടുകൂടി ഈ കട ഇന്നും തുടർന്നുപോരുന്നു..സ്നേഹവും സത്യസന്ധതയും കൈമുതലായിട്ടുള്ള പ്രീയപ്പെട്ട നാണുവേട്ടൻ കടയുടെ നെടുംതൂണായി പ്രവർത്തനഭരിതനായി ഇന്നും ഇവിടെ ഉണ്ട്.
ഇവിടെ ഇന്നും കാലം പുറകിലോട്ടാണോ സഞ്ചരിക്കുന്നതെന്ന് നമുക്കു തോന്നി പോകും.കാരണം  കാപ്പിക്ക് ഇന്നും 5 രൂപയാണിവിടെ,പഴത്തിനു 4  രൂപ ,അവിലിനു 14 രൂപ. കച്ചവട ലാഭത്തിനപ്പുറം നന്മയും സ്നേഹവും ഊട്ടുന്ന കല്ലു കഫെയുടെ വിശേഷങ്ങൾ കാണാം..
Youtube video link

Monday, 4 March 2019

ആനവണ്ടിയിൽ കാടുകാണാൻ പോയി തീവണ്ടിയിൽ തിരിച്ചു വന്നൊരു യാത്ര..

ആനവണ്ടിയും കാടും ..ഇവ രണ്ടും പലർക്കും ഒരു വികാരമാണ്. ഓരോ തവണയും കാട് തന്റെ വന്യതയിൽ ഓരോ ഭാവങ്ങൾ തീർത്ത് വിസ്മയിപ്പിക്കുമ്പോൾ , ആനവണ്ടി ഓരോ യാത്രയും ഓരോ അനുഭൂതിയിലൂടെ പ്രീയപ്പെട്ടതാക്കുന്നു..അപ്പോൾ ഇവ രണ്ടും ചേർന്നാലോ ..അതൊരു അഡാര് യാത്ര തന്നെ ആയിരിക്കും.കാടിനോടും ആനവണ്ടിയോടുമുള്ള പ്രണയം അങ്ങനെ ഒരു യാത്രയിലാണ് കൊണ്ടെത്തിച്ചത് ..


ആനവണ്ടിയിൽ കാടുകാണാൻ പോകണം..പക്ഷെ എങ്ങോട്ടു പോകണം എപ്പോൾ പോകണം ഒരു ഐഡിയയും ഇല്ല..അതിനെക്കുറിച്ചു അറിയാൻ വേണ്ടി തലശ്ശേരി കെ സ് ആർ ടി സി ഡിപ്പോയിൽ ഒന്ന് ചെന്ന് നോക്കി..അവിടത്തെ ചേട്ടന്മാർ ആവശ്യമായ ഡീറ്റെയിൽസ് ഒക്കെ തന്നു. കുറച്ചു യാത്ര വിശേഷങ്ങളും പങ്കുവച്ചു..വളരെ മുൻപ് നടത്തിയ ഒരു ബന്ദിപ്പൂർ യാത്രയിൽ പുലിയെക്കണ്ട കഥ ഒക്കെ ചേട്ടൻ പറഞ്ഞു.ചേട്ടന്മാർ പറഞ്ഞതനുസരിച്ചു വിരാജ്പേട്ട വഴി മൈസൂർ പോകാനും പിറ്റേദിവസം ഉച്ചയെക്കുള്ള അതേ ബസിനു മൈസൂരിൽ നിന്ന് തിരിച്ചു പോകാമെന്നുമാണു ആദ്യം കരുതിയത്. പക്ഷെ അപ്രതീക്ഷിതമായി യാത്രയിൽ ബന്ദിപ്പൂരും ബത്തേരിയുമൊക്കെ കടന്നുവന്നു..ആ കഥ വഴിയേ പറയാം..
തലശ്ശേരിയിൽ നിന്നും വിരാജ്പേട്ട വഴി മൈസൂരിലേക്ക് ,അവിടെ നിന്നും ഗുണ്ടൽപേട്ട് വഴി ബന്ദിപൂർ വനവും മുത്തങ്ങ വനവും കടന്ന് ബത്തേരിക്ക് ആനവണ്ടിയിൽ ഒരു കാട് യാത്ര ..
ഡിപ്പോയിലെ ചേട്ടന്മാർ പറഞ്ഞതനുസരിച്ചു തലശ്ശേരിയിൽ നിന്നും രാവിലെ 8:15 പുറപ്പെടുന്ന ആനവണ്ടിക്കായി നേരത്തെ തന്നെ ഞങ്ങൾ ബസ് സ്റ്റാൻഡിലെ കെ സ് ആർ ടി സി നിർത്തുന്ന റോക്കരികെ കാത്തു നിന്നു.കുറച്ചു കഴിഞ്ഞപ്പോഴതാ ഞങ്ങളുടെ ആന പതിയെ അരികിലേക്ക് കടന്നുവരുന്നു. ബസ് സ്റ്റാന്റിംഗ് റോയിലെ സ്റ്റോപ്പിങ് സ്റ്റോണിൽ പിന്കാലുകള് ചേർത്തുവച്ചു ചിന്നംവിളിച്ചുകൊണ്ട് അവൻ ഒരു നിത്തം നിന്നു ..
പെട്ടെന്ന് തന്നെ കയറി സീറ്റ് പിടിച്ചു.ഹോട്ട് സീറ്റിനു തൊട്ടു പുറകിലത്തെ വിന്ഡോസീറ് തന്നെ കിട്ടി.വളരെ കുറച്ചു യാത്രക്കാരുമായി ആനവണ്ടി യാത്ര തുടങ്ങി..മുന്നോട്ട് പോകുംതോറും യാത്രക്കാരെകൊണ്ട് ബസ് നിറഞ്ഞു..
കൂട്ടുപുഴ പാലത്തിനപ്പുറം കർണാടക ഞങളെ കാത്തിരിക്കുകയാണ്.. ബസുകളും ലോറികളുമൊക്കെ വളക്കാൻ കുറച്ചു കഷ്ട്ടപ്പെടുന്ന സ്ഥലമാണ് പാലത്തിന്റെ രണ്ടറ്റവും.. ഞങ്ങളുടെ ആനവണ്ടിയുടെ സാരഥി വളരെ വിദഗ്ധമായി അത് കൈകാര്യം ചെയ്തു.


പാലം കടന്നു കഴിയുമ്പോഴേക്കും നഗരത്തിന്റെ തിരക്കുകൾ മാഞ്ഞുപോകും .. കാടിന്റെ കുളിർമയും തളിർമയും നമ്മെ വരവേറ്റു തുടങ്ങും..മാക്കൂട്ടം എത്തുമ്പോഴേക്കും കാടിന്റെ വന്യതയിലേക്കാണ് കടന്നു ചെല്ലുന്നത്. വളഞ്ഞു പുളഞ്ഞു പോയികൊണ്ടിരിക്കുന്ന റോഡിൽ കാടിന്റെ നിഴൽ വീണു ഇരുൾമൂടുമ്പോൾ ഇലകൾക്കിടയിലൂടെ സൂര്യപ്രകാശം ഊർന്നിറങ്ങുന്നുണ്ടാകും..ഈ വഴികൾ യാത്രയിൽ ഞങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട ഒന്നാണ്..പെട്ടെന്ന് എങ്ങോട്ടെങ്കിലും ഒന്ന് പോകണമെന്ന് തോന്നുമ്പോഴും ഓടിവരാറുള്ളത് ഈ കാട് കാണാൻ തന്നെ..വെയിലുള്ളപ്പോൾ ഇലകൾക്കിടയിലൂടെ വെളിച്ചം പെയിതിറങ്ങി മഴയുള്ളപ്പോൾ ഇരുൾവീഴ്‌ത്തി ഭയപ്പെടുത്തി ,മറ്റുചിലപ്പോൾ തണുത്ത കാറ്റായി വന്ന് എന്നും വിസ്മയിപ്പിക്കാറുണ്ട് ഈ കാട്..
ഇന്ന് ആനവണ്ടി ഈ കാടുതാണ്ടുമ്പോൾ പതിവിലും കൂടുതൽ എന്തോ ഒരു മാസ്മരികത ഈ കാടിനില്ലേയെന്നു തോന്നി.
വഴിയിലൊരു ചായക്കടക്കരികിൽ വണ്ടി നിർത്തി..എല്ലാവരും ചായകുടിയും ഫ്രഷ് ആകലും കഴിഞ്ഞു യാത്ര തുടർന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും നിറയെ കാപ്പി തോട്ടങ്ങൾ കാണുവാൻ തുടങ്ങി..പൂത്തുലഞ്ഞു നിൽക്കുന്ന കാപ്പി പൂക്കൾ പിന്നിട്ട വഴികളെല്ലാം സുഗന്ധപൂരിതമാക്കി.പച്ച നിറത്തിൽ ഇടതൂർന്ന ചെടികൾക്കുമേൽ മഞ്ഞു പെയിതതുപോലെ കാപ്പിപ്പൂക്കൾ കാണാൻ എന്ത് ചന്തമാണ്‌.
യാത്രയുടെ ആവേശത്തിൽ ഉറക്കം തെല്ലും അലോസരപ്പെടുത്താൻ എത്തിയതേയില്ല..


കാടിന്റെ തണുപ്പിൽ നിന്നും കത്തുന്ന വെയിലിലേക്ക് ആനവണ്ടി യാത്ര തുടർന്നു..


തിരക്കുള്ള മാർക്കറ്റുകളും വിശാലമായി നീണ്ടുകിടക്കുന്ന നാഷണൽ ഹൈവേകളും കടന്ന് ഉച്ചയോടുകൂടി മൈസൂരെത്തി.
പാലസിനടുത്തുള്ള ഒരു ഹോട്ടലിൽ GOIBIBO വഴി റൂം നേരത്തെ ബുക്ക് ചെയ്‌തിരുന്നു..ഒരു ഓട്ടോയും പിടിച്ചു നേരെ അവിടേക്ക് പോയി.റെസ്റ്റോറന്റ് ഒക്കെ ഉള്ള ഹോട്ടലായതിനാൽ അവിടെ നിന്നു തന്നെ ഫുഡ് കഴിച്ചു..പക്ഷെ ഫുഡ് തീരെ കൊള്ളില്ലായിരുന്നു.അതുകൊണ്ട് ഇനി അവിടുന്ന് കഴിക്കണ്ട എന്ന് തീരുമാനിച്ചു.
യാത്രയുടെ ക്ഷീണമുള്ളതിനാൽ ചെറിയൊരു ഉറക്കം പാസ്സാക്കി..വൈകുന്നേരം കുളിച്ചു റെഡിയായി മൈസൂരിന്റെ വൈകുന്നേരത്തെ കാഴ്ചകളിലേക്ക് നടന്നിറങ്ങി.
അപ്പോഴാണ് ഒരു ഓട്ടോ ചേട്ടനെ പരിചയപ്പെട്ടത്.മഹാദേവൻ എന്നാണ് ചേട്ടന്റെ പേര്.പുള്ളിക്കാരൻ തമിഴും മലയാളവുമൊക്കെ മിക്സ് ആക്കി കഷ്ടപ്പെട്ട് ഞങ്ങളോട് സംസാരിച്ചു.അങ്ങനെ ആ ചേട്ടന്റെ ഓട്ടോയിലായി കുറച്ചു നേരത്തെ യാത്ര..അപ്പോഴേക്കും നേരം സന്ധ്യയാവാൻ തുടങ്ങി..ലൈറ്റുകളുടെ വെളിച്ചത്തിൽ തിളങ്ങിക്കൊണ്ട് മൈസൂർ നഗരം..ആദ്യം പോയത് സെന്റ്.ഫിലോമിനാസ് റോമൻ കത്തോലിക് ചർച്ചിലേക്കായിരുന്നു..ഏഷ്യയിലെ ഉയരംകൂടിയ പള്ളികളിൽ ഒന്നാണിത്.


നൂറ്റാണ്ടുകൾ പഴക്കമുള്ള ആ പള്ളിയുടെ പുതുക്കി പണിയൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു..ആകാശം തൊട്ടു നിൽക്കുന്ന ആ പള്ളിക്കും ഇരുണ്ട ആകാശത്തിനും ഒരേ നിറമാണെന്നു തോന്നി.

മഹാദേവൻചേട്ടൻ ഞങ്ങൾക്ക് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തുതന്നു..വെയിറ്റ് ചെയുന്നതിനൊന്നും ചേട്ടന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
അവിടെ നിന്നും നേരെ പോയത് മൈസൂർ സാരികളും ,മൈസൂർ സാൻഡൽ പ്രോഡക്ടസുമൊക്കെ കിട്ടുന്ന ഒരു ഷോപ്പിലേക്കാണ്..ഗവർമെന്റിന്റെ അൻഡറിൽ വരുന്ന ഷോപ് ആയതിനാൽ GST ഒന്നും ഇല്ലാതെ സാധനങ്ങൾ കിട്ടുമത്രെ.അങ്ങനെ അവിടെ നിന്നും മൈസൂർ സാരിയും സാന്ഡൽ പെർഫ്യൂം ഒക്കെ വാങ്ങി ഞങ്ങൾ ഇറങ്ങി..തിരിച്ചു റൂമിലേക്ക് പോകുന്ന വഴി, ലൈറ്റുകളുടെ മഞ്ഞ പ്രഭയിൽ ജ്വലിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരത്തെകൂടി ദൂരെ നിന്നും മഹാദേവൻചേട്ടൻ കാട്ടി തന്നു.അതിനുശേഷം ഹോട്ടലിനു മുന്നിൽ ഞങളെ കൊണ്ടിറക്കി..ഈ സ്ഥലങ്ങളിലൊക്കെ പോയി ഇത്ര നേരം വെയിറ്റ് ചെയ്തിട്ടും ചേട്ടൻ ആകെ വാങ്ങിയത് 60 രൂപയാണ്.ഒരു പക്ഷെ ആ ഷോപ്പിൽ നിന്നും ചേട്ടന് കമ്മീഷൻ കിട്ടുമായിരുന്നിരിക്കണം.ഭക്ഷണം കഴിക്കാൻ തൊട്ടടുത്തുള്ള നല്ലൊരു ഹോട്ടലും ചേട്ടൻ തന്നെ പറഞ്ഞു തന്നു. പിന്നെ മറ്റൊരു കാര്യം കൂടെ ചേട്ടൻ പറഞ്ഞു..മൈസുരുനിന്നും ഊട്ടിയിലേക്ക് അവിടെനിന്നും ചില ടൂറിസ്റ്റ് ബസുകൾ ഉണ്ടത്രെ..രാവിലെ മൈസൂരിൽ നിന്നും യാത്ര തിരിച്ചു ഊട്ടിയിലെ സ്ഥലങ്ങളെല്ലാം കാണിച്ചു അവർ മൈസൂരിൽ തന്നെ തിരിച്ചെത്തിക്കുമെന്ന്.ആവശ്യമുണ്ടെങ്കിൽ ചേട്ടനെ വിളിച്ചാൽ ഏർപ്പാടാക്കിത്തരാമെന്നു പറഞ്ഞു നമ്പറും തന്നു. അടുത്തതവണ വരുമ്പോൾ തീർച്ചയായും വിളിക്കാമെന്ന് പറഞ്ഞു ചേട്ടനോട് യാത്ര പറഞ്ഞു.
റൂമിലേക്ക് പോയി സാധനങ്ങളെല്ലാം വച്ച ശേഷം ഭക്ഷണം കഴിക്കാനായി വീണ്ടും പുറത്തേക്കിറങ്ങി. മഹാദേവൻചേട്ടൻ പറഞ്ഞ ഹോട്ടൽ എവിടെ ആണെന് ഒരു പിടിയും ഇല്ല ,ചോദിച്ചു ചോദിച്ചു കണ്ടുപിടിക്കാമെന്നുകരുതി ഇങ്ങനെനടന്നു..ഒടുവിൽ ഏതോ ഒരു ഹോട്ടലിൽ കയറി, താലി മീൽസ് ഉണ്ട്. അതുതന്നെ ഓർഡർ ചെയ്തു..ഉച്ചയ്കത്തെ വച്ചു നോക്കുമ്പോൾ ഇത് മനോഹരം.
ഭക്ഷണവും കഴിച്ചു തിരക്കൊഴിഞ്ഞ റോഡിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഹോട്ടൽ ലക്ഷ്യമാക്കി ഞങൾ നടന്നു..
അപ്പോഴാണ് കള്ളനെപ്പോലെ ഒരാൾ പുറകെ കൂടിയത് ശ്രദ്ധിച്ചത് ..ഒരു ജംഗ്ഷനിൽ എത്തി  ഒരു ഷോപ്പിൽ കയറിയപ്പോൾ പുറത്തു അയാൾ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് തന്നെ നില്പുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോഴും അയാൾ പുറകെകൂടി..പോലീസിൽ വിളിക്കണോ എന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് മറ്റൊരു ഓട്ടോച്ചേട്ടൻ വന്നു അയാളെ വഴക്കുപറഞ്ഞു ഓടിച്ചത്..ഇവിടത്തെ ഓട്ടോക്കാരെല്ലാം ഇത്ര നല്ലവരാണോ..എന്തായാലും മഹാദേവൻചേട്ടൻ വേണ്ടപെട്ടവരിൽ ഒരാളായി കഴിഞ്ഞു.ഇനി മൈസൂരിൽ ചെല്ലുമ്പോൾ ഉറപ്പായും ചേട്ടനെ വിളിക്കും.
നാളെ ഉച്ചയെക്കാണു തിരിച്ചു പോകാനുള്ള കെ സ് ആർ ടി സി ..അതുവരെ എന്ത് ചെയ്യണം എവിടെ പോകണം എന്നൊന്നും ഒരു പ്ലാനും ഉണ്ടാക്കാൻ നിൽക്കാതെ വേഗം തന്നെ കിടന്നുറങ്ങി.
പിറ്റേദിവസം രാവിലെ ഫ്രഷ് ആയതിനുശേഷം പ്രാതൽ പോലും കഴിക്കാൻ നിൽക്കാതെ കാഴ്ചകൾ കാണാൻ നേരെ ഇറങ്ങി..ബാക്കി ഉള്ള കുറച്ചു സമയംകൊണ്ട് പറ്റാവുന്നത്ര സ്ഥലങ്ങൾ പോകാമെന്നു തീരുമാനിച്ചു.
മൈസൂർ പാലസ് അടുത്തായതുകൊണ്ട് നേരെ അവിടേക്ക് നടന്നു, വെയിൽ വന്നുതുടങ്ങി.. വെയിലത്തുള്ള ആ നടത്തം വിശപ്പിന്റെ ആക്കം കൂട്ടി. പാലസിന് മുന്നിൽ എത്തിയപ്പോഴാണ് ഉന്തുവണ്ടിയിൽ ചെറിയ പ്ലേറ്ററുകളിലാക്കി പലതരം പഴങ്ങൾ മുറിച്ചു വിൽക്കുനതുകണ്ടത്. ഇന്നത്തെ പ്രാതൽ അതിലൊതുക്കി.
പാലസിലേക് കയറിചെന്നപ്പോൾ തന്നെ കണ്ടത് ഓരോ ചെറിയ ഗ്രൂപ്പുകളായി ആളുകൾ അവിടെ ഉള്ള ചെറിയ വണ്ടികളിൽ പാലസ് കാണാൻ തുടങ്ങുന്നതാണ്.ഞങ്ങളുടെ കുറഞ്ഞ സമയത്തിന് ഏറ്റവും പറ്റിയ ഓപ്‌ഷൻ  ഇതായിരിക്കുമെന്നു തോന്നി ,ഞങ്ങളും അവരുടെ കൂടെ കൂടി..ഏക്കറുകണക്കിന് പരന്നുകിടക്കുന്ന ആ കൊട്ടാരത്തിനു ചുറ്റും ഒരു ഓട്ടപ്രദിക്ഷണം നടത്തിയെന്നു പറയാം..


സമയം ഒട്ടും പാഴാക്കാനില്ലാത്തതിൽ പെട്ടന്ന് തന്നെ ഉള്ളിലേക്കും കയറി.കൊത്തുപണികളും ചിത്രപ്പണികളിലുമൊക്കെ ഉള്ള കരവിരുത് ഏറെ ഉണ്ട് അവിടെ ആസ്വദിക്കാൻ..


ഏതോ കഥയിലെ കേട്ടുമറന്ന കൊട്ടാരത്തിന്റെ വർണ്ണനകൾ കൺമുന്നിൽ എത്തിയപോലെ..രാജഭരണകാലത്തു ഇവിടം എങ്ങനെ ആയിരിക്കുമെന്ന് വെറുതെ സങ്കല്പിച്ചുകൊണ്ട് ഓരോ ഇടവും നടന്നുകണ്ടു.

കൊട്ടാരത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ഇനിയും കുറച്ചുകൂടെ സമയം ഉണ്ട്..എന്നാൽ പിന്നെ മൃഗശാല കൂടെ കണ്ടേക്കാമെന്നു കരുതി..അത് മുഴുവൻ കണ്ടുതീർക്കാനുള്ള സമയം ഉണ്ടാകുമൊ എന്നറിയില്ല എന്നാലും പോകാൻ തന്നെ തീരുമാനിച്ചു.
അപ്പോഴേക്കും രാവിലത്തെ ഫ്രൂട്സ് ഒന്നും ഒന്നുമല്ലാതായി.. നല്ല കത്തുന്ന വിശപ്പുണ്ടെങ്കിലും അല്പനേരംകൂടെ ക്ഷമിക്കാൻ സ്വയം സമാധാനിപ്പിച്ചുകൊണ്ട് മൃഗങ്ങളെ കാണാൻ നടന്നുതുടങ്ങി..
സിംഹവും,പുലിയും കടുവയും കാട്ടുപോത്തും,വെള്ള മയിലും അങ്ങനെ പറഞ്ഞാൽ തീരാത്ത ഒത്തിരി മൃഗങ്ങളെ കാണാൻ ഉണ്ട് അവിടെ..പോയാൽ എന്തായാലും വെറുതെ ആവില്ലെന്ന് ഉറപ്പാണ്..


പക്ഷെ ഇത് മുഴുവൻ നടന്നുകാണുമ്പോഴേക്കും അവശനിലയിലാകുമെന്നു മാത്രം ..പ്രത്യേകിച്ച് ഇതുപോലെ വിശന്നു വലഞ്ഞിരിക്കുമ്പോൾ..അകത്തൊരു ഫുഡ് കോർട്ട് ഉണ്ടെങ്കിലും വായിൽവെക്കാൻ കൊള്ളാവുന്ന ഒരു ഫുഡും അവിടെ ഉണ്ടായില്ല.
ഒടുവിൽ എങ്ങനെയൊക്കെയോ നടന്നും ഇരുന്നും ഒക്കെ അവിടെ മുഴുവൻ കണ്ടു തീർത്തു. വിശന്നു തളർന്നു കണ്ണിൽ ഇരുട്ടു കയറി തുടങ്ങി ..ഇനിയിപ്പോൾ ഹോട്ടലുകൾ മാത്രമേ കണ്ണിൽ കാണുകയുള്ളു ..അപ്പോഴാണ് മൃഗശാലക്ക് തൊട്ടടുത്ത്തന്നെ ഒരു കേരള ഹോട്ടൽ കണ്ടത്..പിന്നെ ഒന്നും നോക്കിയില്ല ,നേരെ അവിടെ കയറി ഇരുന്നു..വിശന്നിട്ടാണെന്നു തോനുന്നു എല്ലാത്തിനും ഒടുക്കത്തെ രുചി ആയിരുന്നു..
ഫുഡ് ഒക്കെ കഴിച്ചു സമാധാനമായി,ഇനിയിപ്പോ ബസ് കിട്ടുമോ എന്തോ..അവിട നിന്നും ഒരു ഓട്ടോ പിടിച്ചു വേഗം തന്നെ കെ സ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തി..ഇത്ര ഒക്കെ ഓടി വന്നിട്ടും കഷ്ടമെന്നു പറയട്ടെ വിരാജ്പേട്ടവഴി നാട്ടിലേക്കുള്ള ബസ് പോയി കഴിഞ്ഞിരുന്നു.   
ഇനി എന്തുവേണമെന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ഗുണ്ടൽപേട്ട് -ബന്ദിപ്പൂർ വഴി ബത്തേരി പോകുന്ന ആനവണ്ടിയെ കണ്ടത് ..
അപ്പോഴാണ് തലശ്ശേരി ഡിപ്പോയിലെ ചേട്ടന്മാർ പറഞ്ഞുതന്ന ബന്ദിപ്പൂർ വിശേഷങ്ങൾ ഓർമ്മ വന്നത്.. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല ..ബത്തേരി എങ്കിൽ ബത്തേരി ..കാടുകാണമല്ലോ ..വേറെന്തുവേണം ..
ഉച്ചയ്ക്ക്ശേഷം ഒരു 3 :30 ആയപ്പോഴേക്കും മൈസൂരിൽ നിന്നും യാത്ര തിരിച്ചു. ഗുണ്ടൽപേട്ട് എത്തിയപ്പോഴേക്കും ബസിൽ യാതക്കാർ ഒരുപാടായി..ഗുണ്ടൽപേട്ടിലെ വിശാലമായ കൃഷിയിടങ്ങൾക്കരികിലൂടെ ആനവണ്ടി തന്റെ മുന്നോട്ടുള്ള യാത്ര തുടർന്നു..


ബന്ദിപ്പൂർ കാടുകളെ സ്വപ്നംകണ്ട് ചെറുതായൊന്നു മയങ്ങി.. നേരം സന്ധ്യയോടു അടുക്കുമ്പോഴേക്കും ഞങ്ങളെയും കൊണ്ട് ആനവണ്ടി കാട് കയറി..അതൊരു നിബിഢ വനമാണെങ്കിലും റോഡുകളെ കാട് കവർന്നിരുന്നില്ല..റോഡുകൾ തുറസായി തന്നെ കിടന്നതിനാൽ നന്നായി വെളിച്ചം കടന്നുവന്നിരുന്നു..


എല്ലാവരും പുറത്തേക്ക് കണ്ണുംനട്ട് ഇരിപ്പായി ..എപ്പോഴാണ് മൃഗങ്ങളെ കാണാൻ പറ്റുക എന്ന് പറയാൻ പറ്റില്ലല്ലോ..
ഈ കാട് ഞങളെ നിരാശപ്പെടുത്തിയില്ല..കുരങ്ങന്മാരും മയിലുകളും മാൻകൂട്ടങ്ങളും ഇടക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു..ഏറ്റവുമൊടുവിൽ ഞങളുടെ ആനവണ്ടിക്ക് മുന്നിലൂടെ ഒരു ആനകുടുംബം തന്നെ നടന്നുപോയി.. ഫോട്ടൊ എടുക്കാനുള്ള ശ്രമം പാളിപ്പോയെങ്കിലും ഒരു കുഞ്ഞു വീഡിയോ കിട്ടിയതിൽ ഞങൾ സമാധാനിച്ചു.
കിലോമീറ്ററുകളോളം ബന്ദിപ്പൂർ കാടുകളുടെ മടിത്തട്ടിലൂടെ ഞങ്ങളെയും വഹിച്ചുകൊണ്ട് ആനവണ്ടി കുതിച്ചുകൊണ്ടിരുന്നു..ഒരിക്കലും മറക്കാൻ പറ്റാത്ത യാത്രകളിൽ ഒന്നാണിത്..പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദമാണ് ഈ യാത്രയിൽ ആനവണ്ടിയും കാടും സമ്മാനിച്ചത്..ആനയും കടലും പോലെ എത്രകണ്ടാലും മതിവരാത്ത ഒരു വിസ്മയം തന്നെ ആണ് കാട്.. ആനയെപ്പോലെ ആനവണ്ടിയും എന്നും കൗതുകമാണ്.. ഒരു ആഡംബരവാഹനത്തിനും തരാൻ കഴിയാത്ത പ്രീയപ്പെട്ട യാത്രകളാണ് ആനവണ്ടി സമ്മാനിക്കാറ്..
കാടിന്റെ സൗന്ദര്യം നുകരാനുള്ള വഴികൾ തീർന്നിട്ടില്ല ,തുടർന്നുള്ള യാത്ര മുത്തങ്ങ കാടുകൾ വഴിയാണ് .. എന്തിനേറെ പറയുന്നു,ബത്തേരി വരെയും കുളിർമയുള്ള പച്ചപ്പിന്റെ വഴികൾ തന്നെ..
സന്ധ്യയോടു കൂടി ബത്തേരി കെ സ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തി . അവിടെ നിന്നും മറ്റൊരു ആനവണ്ടിയിൽ കൽപറ്റ വഴി താമരശ്ശേരി ചുരവും ഇറങ്ങി കോഴിക്കോട്ടേക്ക്.. കോഴിക്കോട്ട് എത്തുമ്പോഴേക്കും രാത്രി ഏറെ വൈകി .. ബസ് സ്റ്റാൻഡിനു അടുത്തുള്ള ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചു നേരെ റെയിൽവേ സ്റ്റേഷനിലേക്ക്.. തലശ്ശേരിക്കുള്ള തീവണ്ടിയും കാത്തു പ്ലാറ്റുഫോമിലിരുന്നു കുറേ കൊതുകുകടികൊണ്ടു.. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ തീവണ്ടിയും എത്തി..ഇഷ്ടംപോലെ സീറ്റ് ഉണ്ടായതിനാൽ തലശ്ശേരി വരെ നന്നായി ഉറങ്ങി..പുലർച്ചയോടുകൂടി തലശ്ശേരി എത്തി.
അങ്ങനെ തലശ്ശേരിയിൽ നിന്നും ആനവണ്ടിയിൽ തുടങ്ങിയ യാത്ര തലശ്ശേരിയിൽ തന്നെ തീവണ്ടിയിൽ അവസാനിച്ചു.
കാട് തേടി കുന്നു തേടി യാത്രയുടെ ലഹരി തേടി ആനവണ്ടിയിലും തീവണ്ടിയിലുമൊക്കെയായി യാത്രകൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കുന്നു..                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                             

Sunday, 13 January 2019

കൂത്തുപറമ്പിലെ ഒരു ചെറിയ വലിയ രുചിവിശേഷം - ശ്രീകൃഷ്‌ണ ഹോട്ടൽ പാച്ചപൊയിക

യാത്രയോടുള്ള പ്രണയം കൊണ്ട് യാത്ര നടത്താറുണ്ട്..അതുപോലെ തന്നെ രുചികൾ തേടിയും യാത്രകൾ നടത്താറുണ്ട്.. അങ്ങനെയുള്ള രുചി അന്വേഷണങ്ങൾക്കിടയിലാണ് ജോയ് മാത്യു സാറിന്റെ ഫേസ്ബുക് പേജിൽ കൂത്തുപറമ്പിലെ ശ്രീകൃഷ്ണ ഹോട്ടലിനെ പറ്റി വായിച്ചത്.. ചോക്കുമലയിൽ ഇരിക്കുന്നവൻ ചോക്ക് അന്വേഷിച്ചു പോയ കഥയാണ് അപ്പോൾ ഓർമ്മ വന്നത്.രുചികൾ തേടി എത്രയോ ദൂരങ്ങൾ പോയിരിക്കുന്നു..എന്നിട്ടു തൊട്ടടുത്തുള്ള ഈ രുചി വിശേഷം അറിഞ്ഞത് ഇപ്പോഴാണ്.പിന്നെ ഒന്നും നോക്കിയില്ല നേരെ വച്ചുപിടിച്ചു ശ്രീകൃഷ്ണയിലേക്ക്.


രുചിയേറുന്ന നാടൻ വിഭവങ്ങളുടെ ചെറിയൊരിടമാണ് കണ്ണൂർ - കൂത്തുപറമ്പ് ഹൈവേയിൽ പാച്ചപൊയികയിലുള്ള  ഹോട്ടൽ ശ്രീകൃഷ്ണ. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോകുമ്പോൾ പാച്ചപോയിക പോസ്റ്റോഫീസിനടുത്തുനിന്നും 350 മീറ്റർ സഞ്ചരിച്ചാൽ റോഡ് സൈഡിൽ തന്നെ ഇടതുവശത്തു  ശ്രീകൃഷ്ണ ഹോട്ടൽ കാണാം.


നാടൻ ഊണും മത്സ്യ വിഭവങ്ങളുമാണ് ഇവിടത്തെ പ്രത്യേകത.മീൻ കറിയും  മീൻ വറുത്തതും കക്ക തോരനുമെല്ലാം ഒന്നിനൊന്നു കേമം..പിന്നെ മുളകും ഇഞ്ചിയും കറിവേപ്പിലയുമൊക്കെ ചേർത്ത നല്ല നാടൻ മോരും ഉണ്ട്..


രുചികൊണ്ട് ചോറ്  കഴിക്കുന്നത് അധികമായിപോകുന്നതേ കുഴപ്പമുള്ളൂ.
എന്നാൽ കാശ് ഒട്ടും അധികമാവുകയുമില്ല..കീശ കാലിയാവാതെ വയറും മനസ്സും നിറയുന്ന ഒരു ഊണ് കഴിക്കാം.


ചെറുതാണെങ്കിലും നല്ല വൃത്തിയുള്ള ഹോട്ടൽ.. രണ്ടു ചേച്ചിമാരാണ് അവിടെ വിളമ്പുന്നതും ക്ലീൻ ചെയ്യുന്നതും പൈസ വാങ്ങുന്നതുമൊക്കെ.അവരും നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചു വളരെ പ്രസന്നമായി പെരുമാറുന്നു.എത്ര വേഗത്തിലാണ് അവർ ക്ലീൻ ചെയ്യുന്നതും വിളമ്പുന്നതും ക്യാഷ് വാങ്ങുന്നതും..ആരും ഇരുന്ന് മുഷിയേണ്ടി വരുന്നില്ല.. എല്ലാം അവർ വേഗത്തിലും ചിട്ടയോടെയേയും ചെയ്യുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു. വിഭവങ്ങളെല്ലാം തീരുന്നതനുസരിച്ചു മറ്റൊരു ചേച്ചി പുറത്തു നിന്നും അവിടെ കൊണ്ട് വയ്ക്കുന്നുണ്ട്..തൊട്ടടുത്തുള്ള അവരുടെ വീട്ടിൽനിന്നാണെന്നു തോനുന്നു.
ഹോട്ടൽ കാണാൻ ചെറുതാണെങ്കിലും ആള് നിസാരകാരനല്ല..ചില സിനിമക്കാരൊക്കെ രുചിതേടി വന്നിടമാണ്. നമ്മുടെ സുരാജ് വെഞ്ഞാറമൂടും ജോയ് മാത്യുവും ഇവിടെ വന്നു ഊണ് കഴിച്ചിട്ടുണ്ട്.ജോയ് മാത്യു ഈ രുചിവിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.


കണ്ണൂർ -കൂത്തുപറമ്പ് റൂട്ടിൽ ഇതുവഴി പോകുമ്പോൾ വിശപ്പിന്റെ വിളി വരികയാണെങ്കിൽ ധൈര്യമായി കയറിക്കോളൂ , നിങ്ങളുടെ വയറും മനസ്സും നിറയ്ക്കുന്ന തനിനാടൻ രുചിയനുഭവം ഇവിടെ ഉണ്ടാകും..

Monday, 31 December 2018

നാല് ദേശക്കാർക്ക് പറയാനുള്ള ഒരു ഉത്സവ ലഹരിയുടെ കഥ - അണ്ടലൂർക്കാവ് ഉത്സവം

എല്ലാ ഉത്സവങ്ങളും ലഹരിയാണ് എന്നാൽ ഒരു നാട് മുഴുവൻ ജാതി മത രാഷ്ട്രീയ  ഭേതമന്യേ  വ്രതശുദ്ധിയോടെ ഒരു ഉത്സവക്കാലത്തെ നെഞ്ചേറ്റുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അണ്ടലൂർ ദേശത്ത് വരണം, അണ്ടലൂർ ഉത്സവം കൂടണം.. പിന്നിടെപ്പോഴും ഒരു കാന്തം പോലെ ഈ ഉത്സവകാലം നിങ്ങളെ ഇവിടേക്ക്  ആകർഷിക്കുമെന്ന് ഉറപ്പാണ്.. നാല് ദേശക്കാർക്ക് പറയാനുള്ള  ഒരു ഉത്സവ ലഹരിയുടെ കഥ ..


ഇങ്ങു വടക്ക് അറബിക്കടലിന്റെ ലാളനയേറ്റുകിടക്കുന്ന തലശ്ശേരിയിൽ നിന്നും 8 കിലോമീറ്റർ വടക്കുമാറി 3 ഭാഗവും പുഴകളാൽ ചുറ്റപ്പെട്ട് , ആണ്ടവൻ വില്ലൂന്നിയ അണ്ടലൂർ എന്നൊരു ദേശമുണ്ട്.. ഇവിടെയാണ് കേരളത്തിലെ പ്രസിദ്ധ രാമക്ഷേത്രമായ അണ്ടലൂർകാവ് സ്ഥിതിചെയുനത്..


ധർമ്മടം,പാലയാട്,മേലൂർ,അണ്ടലൂർ എന്നിങ്ങനെ നാല് ദേശക്കാരുടെ ദേശീയോത്സവമാണ്‌ അണ്ടലൂർ കാവിലേത്.
ഒരു  നാട് മുഴുവൻ വ്രതമെടുത്തു ഉത്സവകാലത്തെ നെഞ്ചിലേറ്റുന്നു.. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഒരു ജനത മുഴുവൻ മത്സ്യമാംസാദികളും മദ്യവും വർജ്ജിച്ചു ഉത്സവം ആഘോഷിക്കുകയാണ് ഇവിടെ. ഏഴ് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ഈ ആഘോഷമാണ് ഇവിടത്തുക്കാർക്ക് ലഹരി.
നാട് വിട്ട് അന്യദേശങ്ങളിലേക്കു ചേക്കേറിയവരോടെല്ലാം എന്നാണ് നാട്ടിലേക്ക് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ അണ്ടലൂർകാവിലെ തെയ്യത്തിന് എന്ന്.. അത്രമേൽ ഒരു ജനതയുടെ ജീവിതരീതിയിൽ അലിഞ്ഞുചേർന്നുപോയി ഈ കാവും തെയ്യക്കാലവും.
ഭഗവാൻ ശ്രീരാമൻ സ്വയം ഇവിടെ ദൈവത്താർ ഈശ്വരനാകുന്നു എന്നാണ് സങ്കൽപ്പം.


ഭൂരിപക്ഷം കാവുകളിലും ശിവ ഭൂത ഗണങ്ങൾ തെയ്യ സങ്കല്പങ്ങളാകുമ്പോൾ ഇവിടെ രാമായണമാണ് ഇതിവൃത്തം.
ഉത്തരകേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ അണ്ടലൂർകാവിന്റെ ചരിത്രത്തിനു പിന്നിൽ നിരവധി കഥകൾ പറഞ്ഞുകേൾക്കുന്നു..പന്ത്രണ്ടാം നൂറ്റാണ്ടിനു മുൻപ് ഇത് ഒരു ബുദ്ധസങ്കേതം ആയിരുന്നെന്നും അതിനാൽ ബുദ്ധമത്തിന്റെ ആരാധനകൾ ആണ് ഉള്ളതെന്നും വിശ്വസിക്കുന്നവർ ഉണ്ട്..അതുപോലെ അണ്ടലൂർ കാവ് ഒരു കാവാകുന്നതിനുമുൻപ് അവിടം ഒരു ഭരണസിരാകേന്ദ്രം ആയിരുന്നുവെന്നും, ആണ്ടവൻ എന്നാൽ ഭരിക്കുന്നവൻ എന്ന അർത്ഥത്തിൽ ആണ്ടവന്റെ ഊര്,അണ്ടലൂർ ആയെന്നും പറയപെടുന്നുണ്ട്.. എന്നാൽ ഏറ്റവും പ്രചാരത്തിൽ ഉള്ളതും ക്ഷേത്ര ആചാരങ്ങളുമായി ഏറ്റവുംകൂടുതൽ ഇഴുകിചേരുന്നതുമായ വിശ്വാസം രാമായണ ഇതിവൃത്തം തന്നെ..
സീതാസ്വയംവരത്തിൽ ഭഗവാൻ ശ്രീരാമൻ ത്രയംബകംവില്ലൊടിച്ചപ്പോൾ അതിന്റെ ഒരു ഭാഗം ഇവിടെ വന്നു വീണുവെന്നും വീണിടത്തു മൂന്നു ചൈതന്യങ്ങൾ ഉണ്ടാവുകയും നാരദമുനിയുടെ നിർദ്ദേശപ്രകാരം സാക്ഷാൽ പരശുരാമൻ മൂന്നു മൂർത്തികളെ പ്രതിഷ്‌ഠിക്കുകയുമാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു. ദൈവത്താർ,സീതാദേവി,ബപ്പൂരൻ എന്നിങ്ങനെ ആയിരുന്നു പ്രതിഷ്‌ഠാമൂർത്തികൾ.മാത്രമല്ല ആണ്ടവൻ വില്ലൂന്നിയ ഊരായതിനാൽ കാലക്രമേണ ഈ നാട് അണ്ടലൂർ എന്ന് അറിയപ്പെടുകയും ചെയ്‌തു എന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തിൽ നിന്നും ഏകദേശം 200 മീറ്റർ വടക്കുമാറി മൂലസ്ഥാനമായ താഴെക്കാവ് സ്ഥിതിചെയ്യുന്നു..മേലെക്കാവ് അയോദ്ധ്യ ആണെന്നും താഴെക്കാവ് ലങ്ക ആണെന്നുമാണ് വിശ്വാസം.
പ്രധാന ശ്രീകോവിലിലെ ആരാധനാമൂർത്തി സാക്ഷാൽ ഭഗവാൻ ശ്രീരാമനാണ്.പ്രത്യേകിച്ച് രൂപമേതുമില്ലാത്തൊരു ഭാവത്തിൽ ലക്ഷ്മണനും ഇരിക്കുന്ന രൂപത്തിൽ ആജ്ഞനേയനും ഇവിടെ പ്രതിഷ്‌ഠ ഉണ്ട്. താഴെക്കാവിൽ സീതാദേവിയെയും ആരാധിക്കുന്നു. മരങ്ങളും വള്ളിപ്പടർപ്പുകളും ഒന്നുചേർന്ന് ഒരു കുഞ്ഞു അശോകവനം പോലെ തന്നെയാണ് താഴെക്കാവ് നിലകൊള്ളുന്നത്.
മകരകുളിർ മെല്ലെ വഴി മാറി കുംഭം പിറക്കുമ്പോൾ അണ്ടലൂർ ഉത്സവത്തിന് തുടക്കമാവുകയായി..കുംഭം ഒന്നുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഒരു നാടിനെ മുഴുവൻ ആവേശത്തിലാഴ്ത്തുന്ന ഉത്സവകാലം..
ചരിത്ര പ്രാധാന്യം കൊണ്ട് മാത്രമല്ല ആചാരങ്ങളിലെ വ്യത്യസ്തതയും അണ്ടലൂർകാവിന് ചരിത്രത്തിൽ ഒരു ഇടം നേടിക്കൊടുത്തു..
കുംഭം പിറക്കുമ്പോഴേക്കും നാട് ഒരുങ്ങുകയായി.. വീടുകൾ പുതിയ ചായമണിഞ്ഞു നിൽക്കുന്നു, ചുറ്റുപാടും വൃത്തിയാക്കിയ ശേഷം മുറ്റം ചാണകം തളിച്ച് ശുദ്ധി വരുത്തുന്നു.. പിന്നിടങ്ങോട്ട് വ്രതകാലം ആരംഭിക്കുകയായി, മത്സ്യ മാംസാദികളും മദ്യവും ഒരു നാട് ഉത്സവകാലങ്ങളിൽ പടിക്ക് പുറത്തു നിർത്തുന്നു..മീൻ ചന്തകൾ പോലും വൃത്തിയാക്കി അടച്ചിടുന്നു.. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഒരു ജനത ഇവിടെ ഒന്ന് ചേരുന്ന അപൂർവ്വമായ കാഴ്ച്ച..
ഒരു അവധികാലം വന്നെത്തുന്ന പ്രതീതിയാണ് ഈ ഉത്സവ നാളുകൾ തരുന്നത്.. ജോലി തേടി പോയവരെല്ലാം കൂടു തേടിയെത്തുന്ന ദിവസങ്ങൾ.. ദൂരെ ദേശങ്ങളിലുള്ള ബന്ധുമിത്രാതികളെല്ലാം വ്രതമെടുത്ത ഉത്സവത്തിന്റെ ഭാഗമാകാൻ എത്തുന്നു.. നാട്ടിൽ നിന്നും വിവാഹം കഴിച്ചു മറ്റു ദേശങ്ങളിലേക്കു പോയ സ്ത്രീജനങ്ങൾ തന്റെ മക്കളേം കൂട്ടി വ്രതശുദ്ധിയോടെ ദേശത്തേക്ക് വരുന്നു..ഇവരെല്ലാം പിന്നീട് തിരിച്ചു പോകുന്നത് ഏഴുദിവസവും കഴിഞ്ഞു എട്ടാംനാൾ വ്രതം മുറിച്ചശേഷം.
ഉത്സവം തുടങ്ങുന്നതിനു ഒരു മാസം മുന്നേ തന്നെ മൺപാത്രങ്ങൾ വിൽക്കുന്നവർ കാവിനു പരിസരത്തു തമ്പടിച്ചു തുടങ്ങും..അതുകാണുമ്പോൾ തന്നെ ഉള്ളിൽ ഒരു ആവേശവും സന്തോഷവും ആണ്..ഉത്സവത്തിന്റെ വരവറിയിച്ചു ആദ്യം എത്തുന്നവരാണ് അവർ..ഉത്സവം തുടങ്ങുമ്പോഴേക്കും എല്ലാ വീടുകളിലും പുതിയ മൺപാത്രങ്ങളും കറിച്ചട്ടികളും വാങ്ങണമെന്നാണ്.
ഉത്സവനാളുകളിൽ ദേശത്തെ വീടുകളിലെല്ലാം അതിഥികൾക്കായി ഒരുക്കുന്നത്   അവലും മലരും പഴവും തേങ്ങയും പഞ്ചസാരയും നെയ്യുമൊക്കെ കുഴച്ചു കഴിക്കുന്ന പ്രസാദമാണ്.ഏതു പാതിരാവിൽ ഏതു വീട്ടിൽ കയറി ചെന്നാലും ആതിഥ്യമര്യാദയായി നിങ്ങൾക്ക് ഈ പ്രസാദം കിട്ടുന്നതായിരിക്കും.
പണ്ടുകാലങ്ങളിൽ ഓരോ വീട്ടിലും പ്രായം ചെന്നവർ സ്വന്തമായി വീട്ടിൽ തന്നെ അരിയിടിച്ചു അവൽ ഉണ്ടാക്കുകയും  പുതിയ മൺപാത്രത്തിൽ നെല്ല് വറത്തു മലരുണ്ടാക്കുകയും ചെയ്യുന്നു..എന്നാൽ ഇന്ന് അത് അന്ന്യം നിന്നുപോയി എന്നുവേണം പറയാൻ.എല്ലാവരും കടകളിൽ നിന്ന് വാങ്ങിക്കുകയാണ് പതിവ്..എന്നിരുന്നാലും അപൂർവ്വം ചില വീടുകളിൽ ഈ സമ്പ്രദായം തുടർന്നു പോരുന്നു.
അതുപോലെ  ഉത്സവം തുടങ്ങുമ്പോൾ തന്നെ മുറ്റത്തൊരു ഓലപ്പന്തൽ കെട്ടുന്ന പതിവുണ്ടായിരുന്നു.വ്രതം എടുത്തവർക്ക് ഭക്ഷണം പാകം ചെയ്യാനാണത്.അതും ഇന്ന് ചുരുക്കം ചില വീടുകളിലെ കാണാൻ സാധിക്കുകയുള്ളു.
ഉത്സവത്തിന്റെ വരവറിയിച്ചെത്തുന്ന മറ്റൊരു കാഴ്ചയാണ് ചന്തകളിൽ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന പഴക്കുലകൾ. അതിഥികൾക്കായി നൽകുന്ന അവിലും മലരിനുമൊപ്പം കുഴക്കാനുള്ള പഴത്തിനായനാണ് ഈ പഴക്കുലകൾ എത്തുന്നത്. എല്ലാവീട്ടിലും നിരവധി വാഴക്കുലകൾ വാങ്ങി പഴുപ്പിക്കാൻ വയ്ക്കും.
സ്ത്രീകളുടെയും പുരുഷൻമാരുടെയും വ്രതത്തിലുമുണ്ട് വ്യത്യാസം.. അവലും മലരും പഴവും കുഴയ്ക്കുന്ന പ്രസാദമാണ് പുരുഷൻമാരുടെ ഈ ദിവസങ്ങളിലെ പ്രധാന ഭക്ഷണം,ഒരു നേരം മാത്രമായിരിക്കും അരിഭക്ഷണം കഴിക്കുക.. കുംഭം മൂന്നിന് രാവിലെ തന്നെ തന്നിയും കുടിയും ചടങ്ങ് നടത്തുന്നു.


വ്രതമെടുത്ത പുരുഷ ജനങ്ങൾക്ക് ഇളനീരും ചക്കകൊത്തിനുശേഷം ലഭിച്ച ചക്കയും ചെറുപയറും വേവിച്ചതും നൽകികൊണ്ട് നടത്തുന്ന ചടങ്ങാണത്..പിന്നീട് അവർ അന്ന് രാത്രി കുടവരവെന്ന ചടങ്ങും കഴിഞ്ഞു ദേവന്മാർ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷമാണു അരിഭക്ഷണം കഴിക്കുന്നത്. വൈകുന്നേരത്തോടെ വെളുത്ത തോർത്തും ബനിയനും ഇട്ട് എല്ലാ പുരുഷന്മാരും മെയ്യാലുകൂടൽ,വില്ലൊപ്പിക്കൽ എന്നി ചടങ്ങുകൾക്കായി ക്ഷേത്രത്തിലേക്കെത്തുകയായി..അപ്പോൾ അവർ സ്വയം, ഭഗവാൻ ശ്രീരാമന്റെ വാനരപടയായി മാറുകയും സീത അന്വേഷണത്തിൽ ദൈവത്താർ ഈശ്വരനു ഐക്യദാർഢ്യം പ്രഖാപിച്ചു കരുത്ത് തെളിയിക്കുകയും ചെയ്യുന്നു.


കുംഭം ഒന്നിന് അച്ഛന്മാരും എമ്പ്രാന്മാരും ആചാരപൂർവം കാവിലേക്ക് പ്രവേശിക്കുന്നതോടെ ഉത്സവത്തിനു കൊടിയേറ്റമായി.
ഉത്സവകാലം തുടങ്ങുമുൻപേ തന്നെ പുഷ്പ്പിച്ചും,കായിച്ചും പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യ ഭാവത്തിലും ഒരുങ്ങി നിൽക്കുമെങ്കിലും, കാവിൽ ചക്കകൊത്ത്  എന്ന ചടങ്ങു നടത്തി ദേശക്കാർക്കും അവകാശകാർക്കും വീതിച്ചു നൽകിയ ശേഷമാണു ഫലങ്ങളും കായികളും ഇവിടത്തുകാർ  കഴിച്ചു തുടങ്ങുന്നത്.


ജാതി വ്യവസ്ഥ അരങ്ങുവാണിരുന്ന കാലത്തുപോലും നാനാജാതിക്കാർക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നു.അതിന്റെ തെളിവുകൾ ക്ഷേത്ര ആചാരങ്ങളിലെ നാനാജാതിക്കാരുടെ സാനിധ്യം തന്നെ വിളിച്ചോതുന്നതാണ്. ചരിത്ര പ്രധാനമായ മറ്റൊരു കാര്യമെന്താണെന്നുവച്ചാൽ ശ്രീനാരായണഗുരുവിന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമി കൂടിയാണ് ഇത്.
പെരുംകൊല്ലൻ കാവിൽ കുറ്റിയടിച്ചു ആചാരാനുഷ്‌ടനങ്ങൾക്ക് തുടക്കമിടുന്നതൊടെ ഉത്സവ തിരക്കേറുകയായി..
പെരുവണ്ണാനെ ഉപചാരപൂർവ്വം കാവിലെത്തിക്കുന്നത് മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ്.
തട്ടാന്മാർ ദൈവത്താറീശ്വരന്റെ പൊന്മുടിയും ആഭരണങ്ങളും തിളക്കമേറ്റുകയും , കൊല്ലന്മാർ മൂർത്തികളുടെ ആയുധങ്ങൾ മാറ്റുകൂട്ടുകയും ചെയ്യുന്നു.
മൂന്നാംനാൾ രാത്രി നടക്കുന്ന ഒരു പ്രധാനപ്പെട്ട ചടങ്ങാണ് കുടവരവ്. മേലൂർ മണൽ ദേശക്കാരാണ് ആഘോഷപൂർവ്വം ഓലക്കുട ചൂടി ദേവന്മാരെ കാവിലേക്ക് ആനയിക്കുന്നത്.


ദേവന്മാർ കാവിൽ എത്തുന്നതോടെ തെയ്യങ്ങൾ ആരംഭിക്കുകയായി..


നാലാംനാൾ ദൈവത്താറീശ്വരൻ പൊന്മുടിയണിയുന്നതോടെ ഭക്തജന പ്രവാഹമാണ് ഉണ്ടാവുക.


അതിരളാനും മക്കളും ( സീതയും മക്കളും ),ബാലി - സുഗ്രീവൻ ,ബപ്പൂരൻ ( ഹനുമാൻ ),അങ്കക്കാരൻ ( ലക്ഷ്മണൻ ), തൂവക്കാലി ,നാഗകണ്ടൻ , വേട്ടക്കൊരുമകൻ , പുതുചേകവൻ തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടുന്നു.


ബാലി സുഗ്രീവ യുദ്ധം കാണേണ്ട കാഴ്ചതന്നെയാണ്..


കടുത്ത ഉച്ച വെയിലിലും കാഴ്ച്ചക്കാർ തിങ്ങി നിറഞ്ഞ് നിൽക്കും..ഉച്ചവെയിലിൽ പൊള്ളുന്ന പൂഴിമണലിൽ പോലും ഒത്തിരിപേർ കാഴ്ചക്കാരായി നിലയുറപ്പിച്ചിട്ടുണ്ടാകും,പ്രത്യേകിച്ച് കുട്ടികൾ.. സുഗ്രീവൻ ബാലിയെ പോരിന് വിളിക്കുന്നതാണ് തുടക്കം..അൽപ്പനേരം കഴിയുമ്പോൾ ബാലിയും യുദ്ധത്തിനിറങ്ങുന്നു..


ഒടുവിൽ യുദ്ധം മൂർച്ഛിക്കുമ്പോൾ ബപ്പൂരൻ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുന്നു.വളരെ കൗതുകം ഉളവാക്കുന്ന തെയ്യാട്ടമാണിത്.


ഇവിടത്തെ ബാക്കി എല്ലാ തെയ്യങ്ങളും സംസാരിക്കുമെങ്കിലും ദൈവത്താർ മാത്രം മൗനിയാണ്. സീത വിരഹത്താൽ ദുഖിതനായ ശ്രീരാമൻ മൗനിയായി സീതാദേവിയെ അന്വേഷിക്കുകയാണെന്നാണ് സങ്കൽപ്പം.


ഏഴ് സമുദ്രം ചാടിക്കടന്ന് സീതാദേവിയെ ലങ്കയിൽ കണ്ടെത്തിയ വിവരം ബപ്പൂരൻ കാവ് ഏഴുതവണ വലം വച്ചുകൊണ്ട് ദൈവത്താറീശ്വരനെ അറിയിക്കുന്നു.
അതോടെ പടപുറപ്പാടായി..സീതാദേവിയെ വീണ്ടെടുക്കാനായി മേലെക്കാവിൽ നിന്നും താഴെക്കാവ് എന്ന ലങ്കയിലേക്ക് അങ്കക്കാരനും ബപ്പൂരനും സുഗ്രീവ സൈന്യമായ കുളുത്താറ്റിയവരോടൊത്ത്‌ പോകുന്നു.
താഴെക്കാവിൽ ദൈവത്താർ സമക്ഷം അങ്കക്കാരനും ബപ്പൂരനും ആട്ടം കാഴ്ച്ചവെക്കുന്നു. ലങ്കയിലെ രാക്ഷസന്മാരുമായുള്ള യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ആട്ടം.


തുടർന്ന് യുദ്ധം ജയിച്ചശേഷം മേലെക്കാവിലേക്ക് മടങ്ങുന്നു.അപ്പോൾ വിജയഭേരിയായി കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും നടക്കുന്നു. ഓരോ ദിവസവും ഓരോ ദേശക്കാരാണു വെടിക്കെട്ട് നടത്തുന്നത്.


മേലെക്കാവിൽ എത്തിയാൽ യുദ്ധം ജയിച്ച ആഹ്ലാദത്തിൽ കുളുത്താറ്റിയവർ തടപൊളിച്ചോട്ടം നടത്തി കരുത്തു തെളിയിക്കുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഈ ചടങ്ങുകൾ ആവർത്തിക്കുന്നു. ഏഴാം ദിവസം തടപൊളിച്ചോട്ടം കഴിയുന്നതോടെ ആ വർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.
തെയ്യാട്ടങ്ങൾക്കപ്പുറം വേറെയും ചില പ്രീയമുള്ള ഉത്സവകാഴ്ചകൾ ഉണ്ട്. മൂന്നാംനാൾ രാത്രി മുതൽ എങ്ങും തിരക്കേറിയ അമ്പലപ്പറമ്പാണ് കാണാൻ കഴിയുക. പ്രകാശപൂരിതമായ രത്രികൾ..ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന പരസ്യ വാചകങ്ങൾ..കൊയ്ത്തുകഴിഞ്ഞ പാടത്തു ആകാശത്തൊട്ടിലും ആകാശതോണിയും പോലെ പല പല റൈഡുകൾ..


ആകാശത്തൊട്ടിലിൽ നിന്നൊക്കെ ഉയർന്നുവരുന്ന നിലവിളികളും ആരവങ്ങളും..അതിന്റെ താഴെ അരണ്ടവെളിച്ചത്തിൽ കാഴ്ചക്കാരായി നിരവധിപേർ..അതിനടുത്തായി തന്നെ ഐസ് ക്രീം വണ്ടികളും , അതിനെപൊതിഞ്ഞുകൊണ്ട് പ്രായഭേദമില്ലാതെ കുറെ ആളുകളും..പുതിയ കളിപ്പാട്ടങ്ങളും ബലൂണുകളുമൊക്കെയായി ജീവിതമാർഗം തേടി അന്യദേശത്തുനിന്നു എത്തിയവർ..കൂട്ടത്തിലെ പിഞ്ചു ബാല്യങ്ങൾ ഈ ആരവങ്ങളോ ശബ്ദകോലാഹലങ്ങളോ അറിയാതെ തളർന്നുറങ്ങുന്ന കാഴ്ച്ച..ഭൂതവും ഭാവിയും ഒക്കെ പറയാനായി ജീവിതത്തിന്റെ നേരെ തിരിച്ച ഭൂതക്കണ്ണാടിയുമായി അരണ്ടവെളിച്ചത്തിൽ ഓരോ മൂലയിലായി കാത്തിരിക്കുന്നവർ..പച്ചകുത്താനുള്ള അച്ചുകളുമായി മറ്റൊരുകൂട്ടർ .. കോളിഫ്ലവർ ഫ്രൈയുടെയും മുളകാബജിയുടെയും കൊതിപ്പിക്കുന്ന മണം .. മരണകിണറിൽ നിന്നും ആവേശം ജനിപ്പിക്കുന്ന മോട്ടോർ ബൈകിന്റെയും കാറിന്റെയും ശബ്‌ദം..തൊട്ടപ്പുറത്തു ആർക്കൊക്കെയോ പണി കൊടുത്തുകൊണ്ട് ഡോഗ് ഷോ.. ലൈറ്റുകളുടെ പ്രകാശത്തിൽ തിളങ്ങുന്ന ജിമിക്കികൾക്കരികെ കൗതുകത്തോടെ നിൽക്കുന്ന പെൺകുട്ടികൾ.. വെളുത്ത തോർത്തും ബനിയനും ഇട്ട് നടക്കുന്ന മെയ്യാലുകാരും മറ്റു ചെറുപ്പക്കാരും..താഴെക്കാവിലാണെങ്കിൽ തൊണ്ണൂറുകളിലെ മധുര മിട്ടായികളും ആ മധുരമൂറി നിൽക്കുന്നവരേം കാണാം.. കുടവരവിന്റെ സമയമാകുമ്പോഴേക്കും താഴെക്കാവ് നൂറുകണക്കിന് മെഴുകുതിരി വെട്ടത്തിൽ പ്രകാശിച്ചു നിൽക്കുന്ന ഒരു സുന്ദരിയാവും..


നക്ഷത്രങ്ങൾ മണ്ണിൽ വീണപോലെ കണ്ണുകൾക്ക് വിരുന്നേകുന്ന ഒരു കാഴ്ചയാണത്..


രാത്രി മാത്രമല്ല പകലും താഴെക്കാവ് സുന്ദരി തന്നെ..ഉച്ചവെയിൽ കനക്കുന്ന സമയത്തു താഴെക്കാവിലെ തണലിൽ വന്നിരിക്കാൻ പ്രത്യേക രസമാണ്..പൂഴുമണലിൽ കാലുകളാഴ്ത്തി അരയാൽ സ്വന്തം വേരുകളാൽ  സ്വയം കെട്ടിത്തന്ന ഊഞ്ഞാലിൽ എത്ര നേരമിരുന്നാലും മതിയാവില്ല..തൊട്ടടുത്ത് തന്നെ ചെത്ത് ഐസും നാരങ്ങാ സോഡയും ഉപ്പുതേച്ച നാരങ്ങയും ഒക്കെ വാങ്ങാനുണ്ടാകും.. അങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ച്ചകളും ഓർമകൾക്ക് നിറം നൽകുന്ന ഒത്തിരി അനുഭങ്ങളും നിറഞ്ഞതാണ് ഓരോ ഉത്സവകാലവും .
ഏഴാം ദിവസം തിറകഴിഞ്ഞു ദൈവത്താറീശ്വരൻ മുടിയഴിക്കുന്നതോടെ മുക്കുവർ മത്സ്യവുമായി ദേശത്തേക്കു വരും. അതോടെ ആ വർഷത്തെ വ്രതശുദ്ധിയുടെ നാളുകൾ കഴിഞ്ഞു.ദേശക്കാർ മത്സ്യമാംസാദികൾ ഭക്ഷിച്ചുകൊണ്ട് വ്രതം മുറിക്കുന്നു.
അങ്ങനെ ആ വർഷത്തെ അണ്ടലൂർ ഉത്സവത്തിന്റെ  ആരവങ്ങളും ആഘോഷങ്ങളും അരങ്ങൊഴിഞ്ഞു.. ഈ നാട്ടിലെ ഓരോ മനുഷ്യനും ഈ തെയ്യക്കാലം ഹൃദയതാളംപോലെ കൊണ്ടുനടക്കുന്നവരാണ്..ഈ ഉത്സവം ദേശത്തിന്റെ സംസ്കാരത്തിലും ഇവിടത്തുകാരുടെ ജീവിതരീതിയിലും ഇത്രയേറെ ഇഴുകി ചേർന്നിരിക്കുമ്പോൾ , കാലചക്രം തിരിയുന്നത് ഒരു ഉത്സവകാലത്തിൽ നിന്ന് മറ്റൊരു ഉത്സവകാലത്തിലേക്കാണെന്നല്ലാതെ ഇവിടത്തുക്കാർക്ക് ചിന്തിക്കാൻ വയ്യ..
ഉത്സവത്തിനായി കൂടണഞ്ഞവരൊക്കെ തിരിച്ചു പറക്കുന്നത് അടുത്ത ഉത്സവകാലത്തു വീണ്ടും വന്നുചേരാമെന്ന പ്രതീക്ഷയോടെയും ആഗ്രഹത്തോടെയുമാണ്..
അതെ..ഒത്തുചേരലിന്റേം സ്നേഹത്തിന്റെം ആദിത്യമര്യാദയുടെയും ആഘോഷത്തിന്റെയും ഒക്കെ കൂടിച്ചേരലുകളാണ് ഓരോ ഉത്സവകാലവും.
വീണ്ടുമൊരു ഉത്സവകാലം കൂടി  പടിവാതിൽക്കലെത്തി നിൽക്കുകയാണ് .. അപ്പോൾ എങ്ങനാണു..കുംഭം പിറക്കുമ്പോൾ എല്ലാരും പോരുവല്ലേ അണ്ടലൂരേക്ക് ..

-------------------------------------------------------------

ചിത്രങ്ങൾ കടപ്പാട് : റോഷിൻ ചെങ്ങര
-------------------------------------------------------------
അണ്ടലൂർകാവിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ :-

 * തലശ്ശേരി ബസ്റ്റാന്റിൽ നിന്നും ഇടവിട്ട സമയങ്ങളിൽ അണ്ടലൂർകാവ് വരെയുള്ള ബസ്സുകൾ ഉണ്ട്. അണ്ടലൂർകാവ് ബോർഡ് ഉള്ള ബസ്സുകളിലും അണ്ടലൂർ - പാറപ്രം ബോർഡ് ഉള്ള ബസ്സുകളിലും  കയറാവുന്നതാണ്. കാവിന്റെ മുന്നിൽ തന്നെ ബസ്സ് ഇറങ്ങാൻ സാധിക്കും.
* ഇനി മറ്റു വണ്ടികളിലാണ് വരുന്നതെങ്കിൽ, തലശ്ശേരി - കണ്ണൂർ ഹൈവേയിലൂടെ തലശ്ശേരിയിൽ നിന്നും കണ്ണൂർ പോകുമ്പോൾ   മീത്തലെപീടിക എന്ന സ്ഥലത്തു നിന്നും വലത്തോട്ട് തിരിഞ്ഞു ചിറക്കുനി വഴി അണ്ടലൂർകാവിലേക്ക് എത്തിച്ചേരാം. കാവിലേക്ക് എത്താൻ നിരവധി റോഡുകൾ ഉണ്ടെങ്കിലും വഴി അറിയാത്തവർ ഈ റൂട്ട് തിരഞ്ഞെടുക്കുന്നതാവും നല്ലത്.

NB: ഈ വർഷം ഫെബ്രുവരി 14 മുതൽ 20 വരെ(കുംഭം 1 മുതൽ 7 വരെ ) 7 ദിവസങ്ങളിലാണ് ഉത്സവം..മൂന്നാം ദിവസം മുതലാണ് ഉത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നത്..നാലാം ദിവസം മുതൽ തെയ്യങ്ങളും കെട്ടിയാടാൻ തുടങ്ങുന്നു.